വൻകിട കമ്പനികളിലും മറ്റും ഉയർന്ന പദവി വഹിച്ചിരുന്ന പ്രൊഫഷണലുകൾ കുടുംബ ബിസിനസുകളിലേക്ക് പലപ്പോഴും വരാറുണ്ട്. വലിയൊരു കമ്പനിയിൽ, വലിയൊരു ടീമിന്റെ ഭാഗമായിരുന്ന് ചെയ്യുന്നതിനേക്കാൾ താരതമ്യേന ചെറിയൊരു ടീമിന്റെ നേതൃപദവിയിലിരുന്ന് മികവുറ്റ കാര്യങ്ങൾ ചെയ്ത് കരിയർ വളർച്ചയാണ് അവരുടെ ലക്ഷ്യം. ഇവരെ ഫലപ്രദമായി വിനിയോഗിക്കാൻ വേണ്ട ചില കാര്യങ്ങൾ പറയാം.
- കുടുംബ ബിസിനസുകളിലേക്ക് എത്തുന്ന പ്രൊഫഷണലുകൾക്ക് കൊടുക്കുന്ന നിർദേശങ്ങളിൽ വ്യക്തതയും ഏകത്വവും വേണം. കുടുംബ ബിസിനസിൽ സജീവമായുള്ള എല്ലാ കുടുംബാംഗങ്ങളും പല കാര്യങ്ങൾ ഒരേ സമയം ഇവരോട് ആവശ്യപ്പെടരുത്. ഒരു കാര്യം പല രൂപത്തിലും പലരും പറയരുത്.
- കുടും ബിസിനസിന്റെ നേതൃനിരയിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ ഇവർക്ക് സ്പേസ് കൊടുക്കണം.
- ക്ഷമ അനിവാര്യമാണ്. പ്രൊഫഷണലിസം അധികമില്ലാത്ത കുടുംബ ബിസിനസിൽ അത്തരമൊരു സംസ്കാരം കെട്ടിപ്പടുത്ത് നല്ലൊരു ടീമിനെ വാർത്തെടുക്കാൻ ഏറ്റവും കുറഞ്ഞത് ഒരു വർഷമെങ്കിലും വേണ്ടി വരും. അതിനിടെ അവിടെ വർഷങ്ങളായുള്ള മുതിർന്ന ജീവനക്കാരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി ഇവരുടെ പ്രവർത്തനത്തെ വിലയിരുത്തരുത്. പ്രൊഫഷണലിസം വരുമ്പോൾ അതുമൂലം ബുദ്ധിമുട്ടുണ്ടാകുന്നവർ പലരും കാണും. അവരുടെ അഭിപ്രായം കേട്ട് തീരുമാനമെടുത്താൽ നഷ്ടം ബിസിനസിനാകും. അതുകൊണ്ട് ക്ഷമയോടെ പ്രൊഫഷണലുകൾക്ക് പ്രവർത്തിക്കാൻ സമയം നൽകുക.